ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കൂടെയുള്ള ചാനൽ ഏതെന്ന ചോദ്യത്തിന് ഒരുപക്ഷേ മിക്കവാറും പ്രേക്ഷകർ പറയുന്ന ഉത്തരം കരിക്ക് എന്ന് തന്നെയാകും. കരിക്ക് പുറത്ത് വിടുന്ന വീഡിയോകൾക്കെല്ലാം തന്നെ അപ്ലോഡ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ മില്യൺ കണക്കിന് കാഴ്ചക്കാരെയും ലഭിക്കാറുണ്ട് എന്നതുകൊണ്ട് തന്നെയാണ് ഇത് ഇത്രത്തോളം ഉറപ്പിച്ചു പറയാൻ സാധിക്കുന്നത്.

കരിക്കിലെ എപ്പിസോഡുകൾ പതിവിൽ കൂടുതൽ ഡിസ്റ്റൻസ് എടുത്താലോ വൈകിയാലോ പ്രേക്ഷകർക്ക് ഒരു ഇരിക്കപ്പൊറുതി വരാത്ത അവസ്ഥയും സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കാറുണ്ട്. കരിക്ക് എവിടെ പോയി എന്നാണ് ചില ആരാധകരൊക്കെ സോഷ്യൽ മീഡിയയിലൂടെ പരസ്പരം ചോദിക്കാറുള്ളത്. അത്രത്തോളം അവർക്കിടയിൽ സ്വാധീനം ചെലുത്താൻ ഈ സീരീസിന് സാധിച്ചിട്ടുണ്ട്.

2021 ജൂൺ ആദ്യം വരെ എഴുപതോളം സീരീസുകൾ ആണ് കരിക്ക് പുറത്തിറക്കിയത്. എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതും മികച്ച കയ്യടിയും സ്വീകാര്യതയും നേടിയതും ആയിരുന്നു. യുട്യൂബിലൂടെ പ്രക്ഷേപണം ചെയ്യുന്ന കരിക്കിന്റെ സീരീസുകൾക്ക് ഇതുവരെ 70 ലക്ഷം കാഴ്ചക്കാരെ നേടാൻ സാധിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട വലിയ നേട്ടം തന്നെയാണ്.

2017 ൽ നിഖിൽ പ്രസാദ് ആണ് കരിക്ക് വെബ് സീരിസിന് തുടക്കമിട്ടത്. തേരാ പാരാ എന്ന സീരീസ് ആണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഹാസ്യ പ്രധാനമായ ഉള്ളടക്കങ്ങളാണ് സീരീസുകളുടെ സവിശേഷത. ഒന്നിൽ നിന്ന് മറ്റൊന്ന് വ്യത്യസ്തമാക്കാൻ പരമാവധി ശ്രമിക്കുന്നു എന്നതും പ്രത്യേകതയാണ് . അതുകൊണ്ട് തന്നെയാണ് ആബാലവൃദ്ധം കരിക്കിന് ആരാധകർ ഉണ്ടായത്.

കരിക്കിൻവെള്ളം കുടിക്കുമ്പോൾ കിട്ടുന്ന ഫ്രഷ്നെസ് വെബ്സീരീസ് കാണുമ്പോൾ കിട്ടണം എന്ന ചിന്തയാണു പേരിടലിനു പിന്നിൽ എന്നാണ് അണിയറ പ്രവർത്തകർ ഒരിക്കൽ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞത്. പേരിനെ അന്വർത്ഥമാക്കാൻ ഇത്രത്തോളം റിലീസ് ചെയ്ത സീരിസുകളുടെ എപ്പിസോഡുകൾക്ക് സാധിച്ചിട്ടുണ്ട് എന്ന് പ്രേക്ഷകർ സമ്മതിക്കുകയും ചെയ്തിരുന്നു.

കരിക്കിലെ ഓരോ അഭിനേതാക്കൾക്കും ഒരുപാട് വലിയ ആരാധകവൃന്ദം ഉണ്ട്. മുഖ്യ കഥാപാത്രങ്ങളായി എത്തുന്നവർക്കുള്ളത് പോലെ തന്നെ വന്നു പോയവർക്കും ഉണ്ട് എന്ന് പറയുമ്പോൾ ആണ് വെബ്സീരീസിന്റെ ഗുണമേന്മ അറിയുന്നത്. കരിക്കിലെ പ്ലസ് ടു എപ്പിസോഡുകൾ പ്രേക്ഷകർ എടുത്തു പറയുന്നതാണ്. പ്ലസ് ടു ക്ലാസിലെ ഒരു വിദ്യാർത്ഥിനിയായി അഭിനയിച്ച അനഘ മരിയ വർഗീസിന്റെ പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.




